വാടാനപ്പിള്ളി: തളിക്കുളം സ്നേഹതീരം ബീച്ചിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ കടലിൽ അകപ്പെട്ട രണ്ട് എൻജിനിയറിംഗ് വിദ്യാർഥികളെ ജീവൻ പണയംവച്ച് രക്ഷിച്ച് ലൈഫ് ഗാർഡുകൾ. സ്നേഹതീരം ബീച്ചിലെ ലൈഫ് ഗാർഡുകളും പീച്ചി സ്വദേശികളുമായ ടി.പി. ബിബീഷ്, കെ.ജി. ഐസക് എന്നിവരാണ് രക്ഷകരായത്.
11 വിദ്യാർഥികളാണ് ഇന്നലെ രാവിലെ ബീച്ചിൽ എത്തിയത്. കോയമ്പത്തൂർ പിഎസ്ജി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളാണ് ഇവർ. ഇവരിൽ എട്ടുപേരാണ് കടലിൽ ഇറങ്ങി കുളിച്ചത്. ഉച്ചയ്ക്ക്
ഒന്നോടെ ഇവരിൽ ദേവശങ്കർ, അക്ഷയ് എന്നിവർ തിരയിലും ഒഴുക്കിലുംപെട്ടു. അകലേക്ക് ഒഴുകിപ്പോയയ ഇരുവരും കടലിൽ മുങ്ങിത്താണു. ഓടിയെത്തിയ ബിബീഷും ഐസക്കും കടലിലേക്കു ചാടി മരണമുഖത്തുനിന്ന് ഇരുവരെയും രക്ഷപ്പെടുത്തി കരയ്ക്കുകയറ്റുകയായിരുന്നു. തുടർന്ന് പ്രഥമശുശ്രൂഷ നൽകി.
കടലിൽ അകപ്പെടുന്നവരെ രക്ഷിക്കാൻ 18 വർഷംമുമ്പാണ് സ്നേഹതീരം ബീച്ചിൽ ലൈഫ് ഗാർഡുകളായി നാലുപേരെ നിയമിച്ചത്. ഇതിനകം നിരവധിപേരെയാണ് ഇവർ രക്ഷപ്പെടുത്തിയത്.